ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ( എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് 7500 കിലോ വരെയുള്ള ഭാര വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി.

.ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ( എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് 7500 കിലോ വരെയുള്ള ഭാര വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി. എല്‍എംവി ലൈസന്‍സ് ഉടമകള്‍ ഭാരവാഹനങ്ങള്‍ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്ന് കാണിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമാണ് ഇനി മുതല്‍ അധിക യോഗ്യത ആവശ്യമായി വരൂ. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ ഡ്രൈവിങ് ലൈസന്‍സുള്ള ഒരാള്‍ക്ക് ഭാരവാഹനങ്ങള്‍ ഓടിക്കാന്‍ അര്‍ഹതയുണ്ടോ എന്ന വിഷയം പരിശോധിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേത്വത്തിലുള്ള ബെഞ്ചില്‍ ജ്സ്റ്റിസുമാരായ ഋഷികേശ് റോയ്, പി എസ് നരംസിഹ, പങ്കജ് മീത്തല്‍, മനോജ് മിശ്ര എന്നിവരാണുണ്ടായിരുന്നത്. ജസ്റ്റിസ് ഋഷികേശ് റോയിയാണ് ബെഞ്ചിനു വേണ്ടി വിധിയെഴുതിയത്.

1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്തണമോയെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായതായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ബെഞ്ചിനെ അറിയിച്ചു. നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എല്‍എംവി വാഹന ലൈസന്‍സുള്ളയാള്‍ ഭാരവാഹനങ്ങള്‍ ഓടിച്ച് അപകടങ്ങളുണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അപകട ഇന്‍ഷുറന്‍സ് നിരസിക്കുന്ന നിരവധി കേസുകളാണ് കോടതികളിലുള്ളത്. പുതിയ വിധി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തിരിച്ചടിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍